ഞായറാഴ്ച ഒരു എക്സിബിഷന് പോയതാണ് ധ്രുവിന്‍റെ സഹോദരി ​ഗീതാഞ്ജലിയും ഭർത്താവും അവരുടെ മക്കളും. ആ സമയത്താണ് ആറു വയസ്സുകാരിയായ മകൾ അന്യ അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം വാങ്ങണമെന്ന് ആ​ഗ്രഹിക്കുന്നത്.

അമ്മയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ നൂറു രൂപയുമായി എത്തിയ ആറുവയസ്സുകാരിയുടെയും അവളെ നിരാശയാക്കി മടക്കിയയക്കാത്ത ജ്വല്ലറി ജീവനക്കാരുടെയും അതിമനോഹരമായൊരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. ധ്രുവ് തൽവാർ എന്ന യുവാവാണ് ഈ കുറിപ്പ് ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത്.

ഞായറാഴ്ച ഒരു എക്സിബിഷന് പോയതാണ് ധ്രുവിന്‍റെ സഹോദരി ​ഗീതാഞ്ജലിയും ഭർത്താവും അവരുടെ മക്കളും. അത് കഴിഞ്ഞുള്ള ദിവസമായിരുന്നു ഗീതാഞ്ജലിയുടെ പിറന്നാള്‍. ആ സമയത്താണ് ആറു വയസ്സുകാരിയായ മകൾ അന്യ അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം വാങ്ങണമെന്ന് ആ​ഗ്രഹിക്കുന്നത്. അമ്മയ്ക്ക് ആഭരണങ്ങളോട് താൽപ്പര്യമുള്ളതിനാൽ അന്യ അവിടെയുണ്ടായിരുന്ന ജ്വല്ലറി സ്റ്റാളുകളിലേക്കാണ് പോയത്. ഒടുവിൽ 'കൈറ്റ് ജ്വൽസ്' എന്ന സ്റ്റാളിലെത്തിയ കുട്ടി തന്റെ കയ്യിലുണ്ടായിരുന്ന 100 രൂപയും താൻ വരച്ച ഒരു ചിത്രവും നീട്ടി അമ്മയ്ക്ക് ഒരു ചെയിൻ ആവശ്യപ്പെട്ടു.

കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹം മനസ്സിലാക്കിയ ജ്വല്ലറി ജീവനക്കാർ ആ പണവും ചിത്രവും വാങ്ങി പകരം ഒരു ചെറിയ വെള്ളി ചെയിൻ അവൾക്ക് സമ്മാനമായി നൽകി. പിന്നീട് കാര്യമറിഞ്ഞ അമ്മ ഗീതാഞ്ജലി ബാക്കി തുക നൽകാൻ ബന്ധപ്പെട്ടപ്പോൾ, അന്യ തങ്ങളുമായി ചർച്ച നടത്തിയാണ് ആ കച്ചവടം ഉറപ്പിച്ചത് എന്നും അതിനാൽ വേറെ പണം നൽകേണ്ടതില്ല എന്നുമായിരുന്നു ജ്വല്ലറി അധികൃതരുടെ മറുപടി. താൻ ജ്വല്ലറി സന്ദർശിക്കുമെന്നും എന്തെങ്കിലും വാങ്ങുമെന്നും അമ്മ മെസ്സേജിൽ പറയുന്നു.

എന്തായാലും, ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച കുറിപ്പ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. കുട്ടിയുടെ അഭിമാനവും സന്തോഷവും നഷ്ടപ്പെടുത്താതെ തന്നെ ആ നിമിഷത്തെ സ്നേഹത്തോടെ സ്വീകരിച്ച ജ്വല്ലറി ജീവനക്കാരുടെ പ്രവൃത്തിക്ക് സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഒപ്പം ആ കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ സ്നേഹത്തെ കുറിച്ചും പലരും കമന്റുകൾ നൽകി.