രാജ്യത്തെ സേവനം കുറഞ്ഞ മേഖലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇന്ത്യയ്ക്ക് സ്റ്റാർലിങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് DozDesigner (@cb_doge) എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് മസ്ക് നിലപാട് വ്യക്തമാക്കിയത്.
വർക്ക് ഫ്രം ഹോം, ഡിജിറ്റൽ പഠനം, ഓൺലൈൻ തൊഴിലവസരങ്ങൾ എന്നിവയിലൂടെ വേഗമേറിയ 5G-യും വയർലെസ് ഫിക്സഡ് ഇന്റർനെറ്റും ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്തെ പല വിദൂര ഗ്രാമങ്ങളിലും ഇപ്പോഴും അടിസ്ഥാന 4G സേവനങ്ങൾ പോലും ലഭ്യമല്ല. ദൈനംദിന ജീവിതത്തിനും സർക്കാർ സേവനങ്ങൾക്കും ഇന്റർനെറ്റ് അത്യന്താപേക്ഷിതമായ ഇക്കാലത്ത്, ഈ ഇൻറർനെറ്റ് ലഭ്യത കുറവ് ഗ്രാമീണർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരമായി തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കി'ന് ഇന്ത്യയിലെ ഇന്റർനെറ്റ് സൗകര്യമില്ലാത്ത മേഖലകളെ സഹായിക്കാൻ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഇലോൺ മസ്ക്.
രാജ്യത്തെ സേവനം കുറഞ്ഞ മേഖലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇന്ത്യയ്ക്ക് സ്റ്റാർലിങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് DozDesigner (@cb_doge) എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് മസ്ക് നിലപാട് വ്യക്തമാക്കിയത്. 'ഇന്ത്യയിൽ, പ്രത്യേകിച്ച് സേവനങ്ങൾ എത്താത്ത ഗ്രാമീണ മേഖലകളിൽ ഏറ്റവും അർഹരായവരിലേക്ക് ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്കിന് സാധിക്കും' മസ്ക് കുറിച്ചു.
മസ്ക് റീഷെയർ ചെയ്ത പോസ്റ്റിലെ പ്രസക്ത വിവരങ്ങൾ ഇങ്ങനെ: രാജ്യത്തുടനീളം 109.3 കോടി ഇന്റർനെറ്റ് വരിക്കാരുണ്ടെങ്കിലും ഇതിൽ 44.087 കോടി മാത്രമാണ് ഗ്രാമീണ മേഖലയിൽ നിന്നുള്ളത്. രാജ്യത്തെ 11,256 ഗ്രാമങ്ങളിൽ ഇപ്പോഴും 4G കണക്റ്റിവിറ്റി പോലുമില്ല.
ഭാരത്‌നെറ്റ് പദ്ധതി: അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഭാരത്‌നെറ്റ് പദ്ധതി വഴി 8.5 ലക്ഷത്തിലധികം റൂട്ട് കിലോമീറ്റർ ഫൈബറും 80,472 ഗ്രാമപഞ്ചായത്ത് പോയിന്റ്സ് ഓഫ് പ്രസൻസുകളും (PoPs) സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിൽ പൂർണ്ണതോതിൽ സേവനമെത്തിക്കാൻ സാധിച്ചിട്ടില്ല.
അനുമതിക്കായി കാത്തിരിപ്പ്
ഇന്ത്യയിലെ മലയോര-വിദൂര മേഖലകളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് സേവനമെത്തിക്കാൻ മസ്ക് ഒരുങ്ങുന്നുണ്ടെങ്കിലും, വാണിജ്യപരമായ ലോഞ്ചിന് മുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ അന്തിമ സുരക്ഷാ അനുമതികൾ കമ്പനിക്ക് ഇതുവരെ ലഭ്യമായിട്ടില്ല. സ്റ്റാർലിങ്ക് ആവശ്യമായ പ്രധാന ടെലികോം ലൈസൻസുകൾ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അന്തിമ നടപടികൾ വൈകുകയാണ്. മുൻപ് ഇറാൻ സംഘർഷത്തിനിടെ ലൈസൻസില്ലാതെ അവിടെ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ ഉയർന്നതിനെത്തുടർന്ന്, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ഇന്ത്യൻ അധികൃതർ അനുമതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
