പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി.2024-ൽ മാത്രം 68,328 പേരെത്തി. അതേസമയം, മാലിദ്വീപ് ബഹിഷ്കരണ ക്യാമ്പെയ്ൻ അവരുടെ ടൂറിസത്തിന് വലിയ തിരിച്ചടിയായി. ഇത് മാലിദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 37.5 ശതമാനം ഇടിവുണ്ടാക്കി.

ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രിയമേറിയതോടെ ലക്ഷദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020-ല്‍ വെറും 3,875 സഞ്ചാരികള്‍ മാത്രമാണ് ദ്വീപിലെത്തിയത്. 2023-ല്‍ സഞ്ചാരികളുടെ എണ്ണം 46,551 ആയി ഉയര്‍ന്നു. 2024-ല്‍ സര്‍വകാല റെക്കോര്‍ഡിട്ടുകൊണ്ട് 68,328 സഞ്ചാരികള്‍ ലക്ഷദ്വീപിലെത്തി. വെറും ഒരു വര്‍ഷത്തിനിടെ (2023 മുതല്‍ 2024 വരെ) ലക്ഷദ്വീപിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ 47 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിക്കുകയും അവിടുത്തെ മനോഹരമായ കടല്‍ത്തീരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തത് വൈറലായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മാലിദ്വീപിലെ ചില മന്ത്രിമാര്‍ പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപ പരാമര്‍ശങ്ങളുമായി രംഗത്തെത്തി. ഇത് ഇന്ത്യയില്‍ വലിയ ജനരോഷത്തിന് കാരണമാവുകയും മാലിദ്വീപ് ബഹിഷ്‌കരിക്കാനും പകരം ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി വലിയ ക്യാമ്പെയ്ൻ ആരംഭിക്കുകയും ചെയ്തു. പ്രമുഖ വ്യക്തികളും ഇന്‍ഫ്‌ലുവന്‍സര്‍മാരും ട്രാവല്‍ പ്ലാറ്റ്ഫോമുകളും ഈ കാമ്പെയ്ന്‍ ഏറ്റെടുത്തതോടെ, ലക്ഷദ്വീപ് പെട്ടെന്ന് ഒരു ദേശീയ ടൂറിസം കേന്ദ്രമായി മാറി.

തിരിച്ചടി നേരിട്ട് മാലിദ്വീപ്

ഇന്ത്യക്കാര്‍ ലക്ഷദ്വീപിലേക്ക് ഒഴുക്കിയപ്പോള്‍ മാലിദ്വീപ് ടൂറിസത്തിന് അത് വലിയ തിരിച്ചടിയായി മാറി. 2023-ല്‍ മാലിദ്വീപില്‍ പോയ ഇന്ത്യന്‍ സഞ്ചാരികള്‍ 2,09,193 ആയിരുന്നത് 2024-ല്‍ 1,30,805 ആയി കുത്തനെ കുറഞ്ഞു. അതായത്, ഒരൊറ്റ വര്‍ഷം കൊണ്ട് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 37.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാലിദ്വീപിന്റെ ഏറ്റവും വലിയ ടൂറിസം വിപണിയായിരുന്നു ഇന്ത്യ.

2026-ല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി 2024 വരെയുള്ള വ്യക്തമായ ടൂറിസം കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും 2025-ലെ കണക്കുകള്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല.