അസാധാരണ നിമിഷങ്ങളിലൂടെ ഫുട്ബോള്‍ ലോകത്തെയാകെ അമ്പരപ്പിച്ചെത്തിയ അര്‍ജന്റീന, ഒരൊറ്റ പകലില്‍ ഏറ്റവും വെറുക്കപ്പെട്ട സംഘമായി അതോടെ പരിണമിക്കുകയായിരുന്നു

അര്‍ജന്റീനയ്ക്കായി സകലതും സമര്‍പ്പിച്ച ആറ് ലോകകപ്പുകള്‍ക്ക് ശേഷം ലയണല്‍ ആന്ദ്രേസ് മെസിയുടെ കാലുകള്‍ വിശ്രമം കണ്ടത്തിയ പകല്‍. മെറ്റ് ലൈഫില്‍ സ്പാനിഷ് വസന്തം സംഭവിച്ച 120-ാം മിനുറ്റ്. തലമുറകള്‍ ഓര്‍ത്തിരിക്കേണ്ടിയിരുന്ന രണ്ട് നിമിഷങ്ങളായിരുന്നു. പക്ഷേ, 2026 ഫിഫ ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നത് അര്‍ജന്റീന എങ്ങനെ കളിയിലും അതിന് ശേഷവും ഒരുപോലെ പരാജയപ്പെട്ടുവെന്നതായിരിക്കും.

ഒരു തലമുറയുടെ ബാല്യവും കൗമാരവുമെല്ലാം തന്നിലേക്ക് ആകര്‍ഷിച്ച മനുഷ്യൻ വിതുമ്പോള്‍ മൈതാനത്തെ മാന്യതയുടെ സീമകളെല്ലാം ലംഘിച്ചു ആല്‍ബിസെലസ്റ്റകള്‍. അസാധാരണ നിമിഷങ്ങളിലൂടെ ഫുട്ബോള്‍ ലോകത്തെയാകെ അമ്പരപ്പിച്ചെത്തിയ അര്‍ജന്റീന, ഒരൊറ്റ പകലില്‍ ഏറ്റവും വെറുക്കപ്പെട്ട സംഘമായി അതോടെ പരിണമിക്കുകയായിരുന്നു. ഒരു മാസത്തിനിപ്പുറം അന്വേഷണങ്ങള്‍ക്കൊടുവില്‍ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഫിഫ.

അര്‍ജന്റീനൻ ഫുട്ബോളിന് തന്നെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാൻ ഇടയുള്ളതാണ് ഫിഫയുടെ നീക്കങ്ങളെല്ലാം തന്നെ. മെസിയുടെ സംഘത്തിനായി ലോകകപ്പില്‍ പരവതാനി വിരിച്ചുനല്‍കിയെന്ന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു ഫിഫ.

അര്‍ജന്റീനൻ മധ്യനിര താരം ലീയാൻഡ്രൊ പെരെഡസിന് പത്ത് അന്താരാഷ്ട്ര മത്സരങ്ങളിലും പ്രതിരോധതാരം മൊളിനയ്ക്ക് ഏഴിലും വിലക്ക്. ഇരുവരും 90,000 യുഎസ് ഡോളര്‍ പിഴയായും അടയ്ക്കണം, ഏകദേശം 86 ലക്ഷം രൂപ. തിയാഗോ അല്‍മാദയാണ് നടപടി നേരിട്ട മറ്റൊരു അര്‍ജന്റീനൻ താരം. ഒരു മത്സരത്തിലാണ് അല്‍മാദയ്ക്ക് വിലക്ക്. അര്‍ജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളില്‍ സ്റ്റേഡിയത്തില്‍ 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാൻ കഴിയു.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷം ഫാക്ക്‌ലാൻഡ് ബാനര്‍ പ്രദര്‍ശിപ്പിച്ചത് 3.2 ലക്ഷം യുഎസ് ഡോളറാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പിഴ നല്‍കിയിരിക്കുന്നത്. ഫിഫയുടെ അച്ചടക്കച്ചട്ടം ലംഘിച്ചതിനാണ് പിഴ. കായികേതര സ്വഭാവമുള്ള കാര്യങ്ങള്‍ക്കായി മത്സരം ഉപയോഗിച്ചത്, ടീമിന്റെ മോശം പെരുമാറ്റം, ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വിവേചനപരമായ മുദ്രാവാക്യങ്ങള്‍, ആംഗ്യങ്ങളെല്ലാം പരിഗണിച്ചാണ് നടപടി.

പിഴയില്‍ നിന്ന് ഒരു ലക്ഷം യുഎസ് ഡോളര്‍ വിവേചനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധിതമായി ഉപയോഗിക്കാനും ഫിഫ നിര്‍ദേശിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ട റോബേര്‍ട്ട് അയാലയ്ക്ക് മുന്ന് മത്സരങ്ങളിലും വിലക്കുണ്ട്, ഒപ്പം മൂന്ന് ലക്ഷം യുഎസ് ഡോളര്‍ പിഴയും, 28 ലക്ഷം രൂപ. സ്പാനിഷ് നിരയില്‍ നിന്ന് യുവതാരം ഗവിക്കെതിരെ മാത്രമാണ് നടപടിയുള്ളത്. അയാലയ്ക്ക് സമാനമാണ് ഗവിക്കുള്ള പിഴയും.

10 മത്സരങ്ങളുടെ ബാൻ പെരെഡസിനെ അര്‍ജന്റീനൻ ടീമില്‍ നിന്ന് ഒരു വര്‍ഷത്തോളം മാറ്റി നിര്‍ത്താൻ കെല്‍പ്പുള്ളതാണ്. എല്ലാത്തിന്റേയും തുടക്കം മൊളിനയുടെ പ്രവൃത്തിയില്‍ നിന്നായിരുന്നു. ഫൈനല്‍ വിസിലിന് ശേഷം ടീം അംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാൻ ഓടിയ സ്പാനിഷ് നായകൻ റോഡ്രിയെ യാതൊരു പ്രകോപനവുമില്ലാതെ മൊളിനെ കയ്യേറ്റം ചെയ്തു. ഇതോടെ റോഡ്രി പ്രതികരിക്കാൻ ഒരുങ്ങി. ഏറ്റുമുട്ടലൊഴിവാക്കുന്നതിനായി സ്പാനിഷ് താരം എറിക്ക് ഗാര്‍ഷ്യ ഇരുവര്‍ക്കുമിടയിലേക്ക് എത്തി, ഒപ്പം പെരെഡസും.

പെരെഡസ് വന്നതോടുകൂടിയാണ് സ്ഥിതി സങ്കീര്‍ണമായത്. ഏറ്റവും അഗ്രസീവായി സ്പാനിഷ് താരങ്ങളെ നേരിട്ടതും പെരെഡസായിരുന്നു. ഓടിയെത്തിയ ശേഷം എറിക്ക് ഗാര്‍ഷ്യയെ പെരെഡസ് മൈതാനത്തേക്ക് തള്ളിയിട്ടു. എഴുന്നേറ്റുവന്ന എറിക്കിനെ കഴുത്തില്‍ പിടിച്ച് വീണ്ടും പെരെഡസ് ആക്രമിച്ചു. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സഹതാരങ്ങളില്‍ നിന്നുണ്ടായെങ്കിലും പെരെഡസ് പിന്മാറിയിരുന്നില്ല, റഫറി ഇടപെട്ടിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല.

അര്‍ജന്റീനയുടെ പരിശീലകൻ ലയണല്‍ സ്കലോണി ഉള്‍പ്പെടെ എത്തിയാണ് പെരെഡസില്‍ നിന്ന് എറിക്കിനെ സംരക്ഷിച്ചത്. പിന്നാലെ ഗവിയിലേക്ക് പെരെഡസ് തിരിയുകയായിരുന്നു. ഗവിയെ മൈതാനത്തേക്ക് പലകുറി തള്ളിയിടുകയും ഇടിക്കുകയും ചെയ്തു, മൊളിന ഗവിയുടെ ട്രെയിനിങ് ബിബ് വലിച്ചുകീറി. പെരെഡസിന് വിൻചീച് ചുവപ്പ് കാര്‍ഡ് കൊടുത്ത് പുറത്താക്കിയ ശേഷമാണ് കാര്യങ്ങള്‍ അല്‍പ്പമെങ്കിലും ശാന്തമായത്.

മത്സരത്തിലുടനീളം സ്പാനിഷ് താരങ്ങള്‍ക്കെതിരെ പെരെഡെസിന്റേത് സമാന സമീപനമായിരുന്നു. ഫൈനലിനിടെ ഓണ്‍ഫീല്‍ഡ് റഫറി സ്ലാവ്കൊ വിൻചീച് അര്‍ജന്റീനയുടെ നായകൻ മെസിയോട് പെരെഡസിനെ നിയന്ത്രിക്കാൻ പലകുറി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റെഫറിയുടെ ക്യാമറിയലെ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സ്പാനിഷ് ടീം ലോകകിരീടം ഉയര്‍ത്തിയപ്പോള്‍ അര്‍ജന്റീൻ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും പുറം തിരിഞ്ഞുനിന്നതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരമണായിരുന്നു.

അര്‍ജന്റീനയ്ക്ക് കളത്തില്‍ പൂര്‍ണമായും പന്ത് നിഷേധിച്ചുകൊണ്ടായിരുന്നു സ്പെയിൻ മത്സരത്തെ ഡൊമിനേറ്റ് ചെയ്തത്. ഇതോടെ അഗ്രസീവായ ഫൗളുകളിലൂടെ പന്ത് വീണ്ടെടുക്കാമെന്ന തന്ത്രത്തിലേക്ക് കടക്കുകയായിരുന്നു അര്‍ജന്റീന. 24 ഫൗളുകളാണ് അര്‍ജന്റീന ചെയ്തത്, അഞ്ച് യെല്ലോ കാര്‍ഡും ലഭിച്ചു. പെരെഡസിന്റെ ഉള്‍പ്പെടെ രണ്ട് റെഡ് കാര്‍ഡും. യെലോ കാര്‍ഡ് പലതും ലഭിച്ചത് റഫറിയോട് കയര്‍ത്തതുമൂലമായിരുന്നു.

സ്പെയിന്റെ സമ്പൂര്‍ണമായ ആധിപത്യത്തിന് മുന്നില്‍ ഓര്‍ത്തിരിക്കാൻ ഒന്നുമില്ലാത്തൊരു ഫൈനല്‍ അര്‍ജന്റീന സമ്മാനിച്ചു, അത് അവസാനിക്കുമ്പോള്‍ ഫൈനല്‍ വരെ അസാധാരണ നിമിഷങ്ങളുടം സൃഷ്ടാക്കളായി വാഴ്ത്തപ്പെട്ടവര്‍ വെറുക്കപ്പെട്ടവരായി പരിണമിച്ചു.