പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 37 കിലോ കഞ്ചാവുമായി കടന്നുകളഞ്ഞ സംഘത്തിലെ മറ്റ് രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു.

തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച മൂന്നംഗ സംഘത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റില്‍. ചങ്ങരംകുളം സ്വദേശി അജ്മലിനെ (28) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 37 കിലോ കഞ്ചാവ് വില്‍പ്പനക്കായി വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ഡാൻസാഫ് സംഘത്തെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ജൂണ്‍ 17ന് നടന്ന സംഭവത്തിന് പിന്നാലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്മല്‍ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി സനല്‍ (24) മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിര്‍ (25) എന്നിവരാണ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റിലായത്.

ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരുമ്പിലാവ് - പട്ടാമ്പി റോഡില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. സിഫ്റ്റ് കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ഡാന്‍സാഫ് സംഘം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയി. പിന്നാലെയെത്തിയ പൊലീസുകാര്‍ സഞ്ചരിച്ച കാറില്‍ സംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടാനും മൂന്നംഗ സംഘം ശ്രമിച്ചു. പിന്നീട് പൊലീസ് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നാണ് സംഘം കഞ്ചാവുമായി നാട്ടിലെത്തിയത്. അജ്മല്‍ പത്തോളം ക്രിമിനല്‍ കേസുകളിലും നാല് മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.