തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്നും 'പഞ്ച് ഡയലോഗുകൾ' പറയുകയാണെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. വിജയ് സഭയിൽ 'പഞ്ച് ഡയലോഗുകൾ' അടിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഡിഎംകെ സർക്കാർ മുമ്പ് കൊണ്ടുവന്ന പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് സ്റ്റാലിൻ്റെ വിമർശനം.
"ഇപ്പോഴത്തെ മുഖ്യമന്ത്രി ഞങ്ങൾ കൊണ്ടുവന്ന പദ്ധതികളുടെയെല്ലാം പേര് മാറ്റുന്ന തിരക്കിലാണ്. നിയമസഭയെ ഒരു സിനിമാ സെറ്റ് പോലെ കണ്ട് പഞ്ച് ഡയലോഗുകൾ പറയുകയാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നവരാണ്" - സ്റ്റാലിൻ പറഞ്ഞു.
പാർട്ടി ഒരു തെരഞ്ഞെടുപ്പിൽ തോൽക്കുക മാത്രമാണ് ചെയ്തതെന്നും സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. തോൽവിക്ക് ഒരു കാരണം പാർട്ടി ഭാരവാഹികളുടെ പ്രവർത്തനം കൂടിയാണ്. തെറ്റുകൾ പരസ്യമായി അംഗീകരിക്കണം. ഒരാൾ ചെയ്യുന്ന തെറ്റിന്റെ ഫലം അനുഭവിക്കുന്നത് 75 വർഷം പഴക്കമുള്ള പാർട്ടിയാണ്. ഓരോ മണ്ഡലത്തിലെയും സാഹചര്യം പരിശോധിച്ച് ആളുകളെ മാറ്റുന്നതിന് പകരം, സമഗ്രമായ താൻ വിലയിരുത്തലാണ് നടത്തിയതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.
ശനിയാഴ്ച ചേർന്ന ഡിഎംകെ എക്സിക്യൂട്ടീവ് യോഗം പാർട്ടിയിൽ യുവാക്കളുടെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പല പാർട്ടി പദവികൾക്കും പ്രായപരിധിയും കാലാവധിയും നിശ്ചയിച്ച് പ്രമേയം പാസാക്കി.


