ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത്. യുഎസ്‍സിഐആ‍ർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്രം.

ദില്ലി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തി (യുഎസ്‍സിഐആ‍ർഎഫ്) ൻ്റെ ആവശ്യത്തിനെതിരെ കേന്ദ്രസർക്കാർ. യുഎസ്‍സിഐആ‍ർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺദീ‍ർ ജയ്സ്വാൾ വിമർശിച്ചു. യുഎസ് ഭരണകൂടം ആർഎസ്എസിന് ഉപരോധം ഏർപ്പെടത്തണമെന്നായിരുന്നു യുഎസ്‍സിഐആ‍ർഎഫിൻ്റെ ആവശ്യം. ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിൻ്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് യുഎസ്‍സിഐആ‍ർഎഫ് രം​ഗത്തെത്തിയത്.

യുഎസ്‍സിഐആ‍ർഎഫിന് സ്വന്തം അജണ്ടകളുണ്ടെന്നും വിശ്വാസ്യതയില്ലെന്നും വിദേശകാര്യ വക്താവ് രൺദീ‍ർ ജയ്സ്വാൾ പ്രതികരിച്ചു. "അതൊരു പക്ഷപാതപരമായ സംഘടനയാണ്. സ്വന്തം അജണ്ടകളുള്ളതും വിശ്വാസ്യതയില്ലാത്തതുമായ ഇത്തരം സംഘടനകളിൽനിന്ന് നമ്മൾ വിട്ടുനിൽക്കണമെന്നാണ് ഞാൻ പറയുക. ഇന്ത്യയുടെ ബഹുസ്വരമായ ചട്ടക്കൂടിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനോ ഇവിടെയുള്ള വിവിധ സമൂഹങ്ങളുടെ സൗഹാർദപരമായ സഹവർത്തിത്വത്തെ അംഗീകരിക്കാനോ യുഎസ്‍സിഐആ‍ർഎഫ് തയ്യാറാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല"- രൺദീ‍ർ ജയ്സ്വാൾ പറഞ്ഞു.

ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിൻ്റെ യുഎസ് സന്ദർശനത്തെ എതിർത്ത യുഎസ്‍സിഐആ‍ർഎഫ് ചെയർമാനും പാക് വംശജനുമായ

ആസിഫ് മഹ്മുദ് ആണ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ആർഎസ്എസ് മത സ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളാണെന്നും ആർഎസ്എസ് നേതാക്കൾക്ക് യുഎസ് സർക്കാർ ഉപരോധം ഏർപ്പെടുത്തണമെന്നുമാണ് യുഎസ്‍സിഐആ‍ർഎഫിൻ്റെ ആവശ്യം.

ഇതാദ്യമായല്ല, ആർഎസ്എസിനെതിരെ യുഎസ്‍സിഐആ‍ർഎഫ് രംഗത്തെത്തുന്നത്. നേരത്തെ, ഇന്ത്യയിൽ മതാചാര സ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചു യുഎസ്‍സിഐആ‍ർഎഫ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയെ 'പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യ'മായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട യുഎസ്‍സിഐആ‍ർഎഫ്, ആര്‍എസ്എസിനും റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനും ഉപരോധം ഏര്‍പ്പെടുത്തുന്നതിന് പിന്തുണ നൽകുന്നതായും അറിയിച്ചിരുന്നു. അതേസമയം ആർഎസ്എസ് മേധാവിയുടെ യുഎസ് സന്ദർശനത്തെ എതിർത്ത യുഎസ്‍സിഐആ‍ർഎഫ് നടപടിയെ അപലപിച്ച് യുസ് കേന്ദ്രീകരിച്ചുള്ള ഹിന്ദു പാക്ട് എന്ന സംഘടന രംഗത്തെത്തി. ഈ മാസം 29നാണ് മോഹൻ ഭാഗവത് യുഎസിലെ ന്യൂയോർക്കിൽ എത്തുക.