നവാഗതനായ വിഗ്നേഷ് ശ്രീകാന്ത് സംവിധാനം ചെയ്ത് അര്ജുന് ദാസ് നായകനാവുന്ന 'വണ്‍സ് മോര്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി
തമിഴ് സിനിമയില്‍ പുതുതലമുറയിലെ ശ്രദ്ധേയ നടനായ അര്ജുന് ദാസിനെ നായകനാക്കി നവാഗതനായ വിഗ്നേഷ് ശ്രീകാന്ത് സംവിധാനം ചെയ്ത വണ്‍സ് മോര് എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ചിത്രത്തിന്റെ രചനയും വിഗ്നേഷിന്റേത് തന്നെയാണ്. റൊമാന്റിക് മ്യൂസിക്കല്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലര് ആണ് പുറത്തെത്തിയിരിക്കുന്നത്. അദിതി ശങ്കറും സോന ഒലിക്കലുമാണ് നായികമാര്‍. മുന്‍ റിലേഷന്‍ഷിപ്പിന്റേതായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്ലറില് അര്‍ജുനിന്റെ നായകന്. പുതിയൊരു ബന്ധത്തില്‍ എത്തുമ്പോഴും അയാള്‍ക്ക് പഴയ ബന്ധം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തനാകാന്‍ കഴിയുന്നില്ല.
മുന്‍ ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് അര്ജുന് ദാസ് വണ്‍സ് മോറില്‍ അവതരിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ജൂക് ബോക്സ് നേരത്തെ പുറത്തെത്തിയിരുന്നു. ജൂക് ബോക്സില്‍ 13 ട്രാക്കുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നതും സംവിധായകനാണ് എന്നതും കൗതുകം. മലയാളികളുടെ പ്രിയ സംഗീത സംവിധായകന് ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. തന്റെ തമിഴ് അരങ്ങേറ്റം എന്ന നിലയില്‍ 2024 ല്‍ ഹിഷാം സൈന്‍ ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ ചിത്രം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കിപ്പുറം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ മൂന്ന് തമിഴ് ചിത്രങ്ങള്‍ ഇതിനകം പുറത്തെത്തിക്കഴിഞ്ഞു.
2024 ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട് അതേ മാസം ചിത്രീകരണവും ആരംഭിച്ച സിനിമയായിരുന്നു വണ്‍സ് മോര്. ചിത്രീകരണം സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ റിലീസ് നീണ്ടുപോയി. ഓഗസ്റ്റ് 28 ന് ചിത്രം തിയറ്ററുകളില്‍ എത്തും. യുവരാജ് ഗണേശന് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥന്, എഡിറ്റിംഗ് നാഷ്, കലാസംവിധാനം രാജ് കമല്‍, ഡോള്‍ബി അറ്റ്മോസ് മിക്സ് ടി ഉദയ് കുമാര്‍, സൗണ്ട് ഡിസൈന്‍ രഞ്ജിത്ത് വേണുഗോപാല്‍, കളറിസ്റ്റ് അരുണ്‍ സംഗമേശ്വര്‍, കോസ്റ്റ്യൂം ഡിസൈനര്‍ നവദേവി രാജ്കുമാര്, കൊറിയോഗ്രാഫര്‍ അപ്സര്.

