മഹാമോശം ആനിമേഷനും വിചിത്രമായ കഥയും; നേരിട്ടറിയാൻ ജനം തിയേറ്ററിലേക്ക്, കോടികൾ വാരി ആനിമേഷൻ ചിത്രം

Published : Aug 22, 2026, 04:07 PM IST
Niu Lai

Synopsis

തിയേറ്ററുകൾക്കുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പുകൾ പ്രേക്ഷകർ ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ചിത്രം എത്രത്തോളം വിചിത്രമാണെന്ന് നേരിട്ട് കണ്ടറിയാൻ ആളുകൾ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.

മോശം ആനിമേഷനും വിചിത്രമായ കഥയും കാരണം സോഷ്യൽ മീഡിയയിൽ ട്രോളുകളായും മീമുകളായും പ്രചരിച്ച ഒരു കുറഞ്ഞ ബജറ്റ് ചൈനീസ് ആനിമേഷൻ ചിത്രം തിയേറ്ററുകളിൽ അപ്രതീക്ഷിതമായി വൻ വിജയമായിത്തീർന്നു. ഓഗസ്റ്റ് 5 -ന് ചൈനയിൽ റിലീസ് ചെയ്ത 'ന്യ ലൈ' എന്ന ചിത്രമാണ് ഇപ്പോൾ ചൈനീസ് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. ഒരു കൊച്ചു കാളക്കുട്ടി വീരനായ ഒരു പോരാളിയാകാൻ നടത്തുന്ന സ്വപ്നസമാനമായ യാത്രയാണ് ഈ ചിത്രത്തിന്റെ കഥ.

ആദ്യം പരാജയം, പിന്നെ വൻ തിരിച്ചുവരവ്

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിവസങ്ങളിൽ ചിത്രം വൻ പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. ചിത്രത്തിലെ ഗ്രാഫിക്സും ആനിമേഷനും കണ്ട് പ്രേക്ഷകർ അതിനെ പരിഹസിക്കാൻ തുടങ്ങി. പാമ്പുകളെ കണ്ടാൽ സ്പ്രിംഗുകൾ പോലെയും, പുല്ലിനെ 'പുല്ല്' എന്നെഴുതിയ മഞ്ഞക്കട്ടകളായും, മരച്ചില്ലകളിലെ ഇലകളെ വെറും പന്തുകളായുമാണ് ചിത്രത്തിൽ കാണിച്ചിരുന്നത്. റിലീസ് ചെയ്ത് ആദ്യ 10 ദിവസത്തിനുള്ളിൽ വെറും 7,000 യുവാൻ (ഏകദേശം 1,000 യു.എസ്. ഡോളർ) മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാൽ, തിയേറ്ററുകൾക്കുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പുകൾ പ്രേക്ഷകർ ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ചിത്രം എത്രത്തോളം വിചിത്രമാണെന്ന് നേരിട്ട് കണ്ടറിയാൻ ആളുകൾ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.

കോടികളുടെ ബോക്സ് ഓഫീസ് നേട്ടം

ഓഗസ്റ്റ് 18 ആയപ്പോഴേക്കും ചിത്രം 2.1 കോടിയിലധികം യുവാൻ (ഏകദേശം 29 ലക്ഷം യു.എസ്. ഡോളർ) തിയേറ്ററുകളിൽ നിന്ന് നേടി. ചൈനീസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ മായോയാൻ പ്രൊഫഷണലിന്റെ പ്രവചനപ്രകാരം ചിത്രം അവസാനത്തോടെ 13.5 കോടി യുവാൻ ബോക്സ് ഓഫീസിൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം കാണാൻ എത്തുന്നവരിൽ ഭൂരിഭാഗവും തിയേറ്ററുകളെ ഒരു കോമഡി ഷോ പോലെയോ കൂട്ടായ ആഘോഷങ്ങൾക്കുള്ള വേദിയായോ ആണ് കാണുന്നത്. ചിത്രം ഒരു ട്രെൻഡായതോടെ ആളുകൾക്കിടയിലെ പ്രധാന സംസാരാവിഷയമായും ഇത് മാറി.

അമ്മയും മകനും ചേർന്നൊരുക്കിയ ചിത്രം

സംവിധായകൻ ഷിൻ യുമെംഗും അദ്ദേഹത്തിന്റെ അമ്മയായ തിരക്കഥാകൃത്ത് സുൻ ലിഫാങ്ങും ചേർന്ന് അഞ്ച് വർഷം കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെയും കുടുംബബന്ധങ്ങളുടെ മൂല്യത്തെയും കുറിച്ചുള്ള ഒരു സന്ദേശം നൽകാനാണ് ചിത്രം നിർമ്മിച്ചതെന്ന് സംവിധായകൻ പറഞ്ഞു. ആവശ്യത്തിന് പണമോ മികച്ച ഉപകരണങ്ങളോ ഇല്ലാത്തതാണ് ആനിമേഷന്റെ നിലവാരത്തെ ബാധിച്ചത്.

ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പെട്ടെന്ന് നിർമ്മിച്ചെടുക്കുന്ന കൃത്രിമ ദൃശ്യങ്ങളേക്കാൾ, അപൂർണ്ണമെങ്കിലും മനുഷ്യന്റെ അധ്വാനമുള്ള ലളിതവും വിചിത്രവുമായ സൃഷ്ടികളെ ആളുകൾ സ്വീകരിക്കുന്നതിന്റെ തെളിവാണ് ഇതെന്നും മാധ്യമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം മോശം നിലവാരമുള്ള സിനിമകൾ വിജയിക്കുന്നത് സിനിമാമേഖലയ്ക്ക് നല്ലതല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, തങ്ങളുടെ പണം ഏത് സിനിമയ്ക്ക് ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ പ്രേക്ഷകർക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് മറുവശത്തുള്ളവരുടെ അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

അച്ഛനമ്മമാര്‍ ഇഷ്ടം പോലെ പണമുണ്ടാക്കുന്നു, ജെന്‍ സി മടിയന്മാരായി തീരുന്നു; പോസ്റ്റുമായി യുവാവ്
പ്രായത്തിന് മൂത്തതായതുകൊണ്ടുമാത്രം ഒരാളുടെ കാൽ തൊട്ട് വന്ദിക്കണോ? ഇതാണോ യഥാർത്ഥ ആദരവ്? പോസ്റ്റ്