
തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞ് വള്ളം ബന്ധിച്ച ശേഷം കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി അവശനായി വീണ് മുങ്ങിമരിച്ചു. കന്യാകുമാരി മണ്ടയ്ക്കാട് കൽകുളം സ്വദേശി പ്രകാശ് ലിബിൻ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.
മത്സ്യബന്ധനം കഴിഞ്ഞശേഷം ബോട്ട് ഹാർബറിന് സമീപം കെട്ടിയിട്ട ശേഷം മറ്റൊരു മത്സ്യത്തൊഴിലാളിക്കൊപ്പം നീന്തി കരയിലേക്ക് വരവെ അവശനായി തുടർന്ന് നീന്താനാകാതെ കടലിലേക്ക് മുങ്ങിപോകുകയായിരുന്നുവെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. രണ്ട് വള്ളങ്ങളിലായാണ് മീൻപിടിത്തത്തിനു പോയത്. ലെഡിസ്റ്റൺ എന്നയാളുടെ വള്ളത്തിലാണ് പ്രകാശ് ലിബിൻ ഉൾപ്പെട്ട ഏഴുപേർ പുറപ്പെട്ടത്.
മീൻപിടിത്തത്തിനുശേഷം തിരികെ രാത്രി 7:30 ഓടെ പ്രകാശ് ലിബിനും സംഘവും വിഴിഞ്ഞം ഹാർബറിൽ എത്തിയിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കരയിലെത്തിച്ചിരുന്നു. തുടർന്ന് ഹാർബറിൽ വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തി വരുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ തൊഴിലാളിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. കോസ്റ്റൽ പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam